വിളിക്കാനും SMSനും മാത്രം റീച്ചാര്‍ജ് പ്ലാൻ നിർബന്ധം; കമ്പനികൾക്ക് നിർദേശം നൽകി ട്രായ്
ടെലികോം കമ്പനികൾ ഇൻ്റർനെറ്റ് ഡാറ്റ വാങ്ങാൻ നിർബന്ധിക്കാതെ വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിർദ്ദേശം. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ 2024ലാണ് ട്രായ് ഇത് സംബന്ധിച്ച മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.
വിവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നൽകാനാണ് ഈ നീക്കം. ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾ 2G ഉപയോക്താക്കളും, ഡ്യുവൽ സിം ഉടമകളും, പ്രായമായ വ്യക്തികളും, ഗ്രാമവാസികളുമാണെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകുന്നതിന് പകരം അവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രം പണം നൽകാൻ ഈ നീക്കം ഉപയോക്താക്കളെ സഹായിക്കും. കൂടാതെ പ്രത്യേക റീചാർജ് കൂപ്പണുകളുടെ സാധുത നിലവിലെ 90 ദിവസത്തിൽ നിന്ന് 356 ദിവസത്തേക്ക് നീട്ടാൻ പുതിയ നിയമങ്ങൾ ടെലികോം ഓപ്പറേറ്റർമാരെ നിർബന്ധിതരാക്കുന്നുണ്ട്.
പുതിയ നിയമം നിലവിൽ വരുന്നതോടെ 150 ദശലക്ഷം ഉപയോക്താക്കൾക്ക് ഡാറ്റ റീചാർജുകൾ ആവശ്യമായി വരില്ല എന്നാണ് കണക്കാക്കുന്നത്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 150 ദശലക്ഷം ഉപയോക്താക്കൾ ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ഇൻ്റർനെറ്റ് ഡാറ്റ ഇതര റീചാർജ് ഓപ്ഷനുകളുടെ ആവശ്യകത ഉയർത്തിക്കാണിക്കപ്പെടുന്നത്.
ടെലികോം ഓപ്പറേറ്റർമാരെ ഏത് തുകയ്ക്കും റീചാർജ് വൗച്ചറുകൾ നൽകാൻ പുതിയ നിയമമാറ്റം അനുവദിക്കുന്നു, അതേസമയം കുറഞ്ഞത് 10 രൂപയുടെ റീചാർജ് ഓപ്ഷൻ നിർബന്ധമായും വേണമെന്ന് നി നിയമം അനുശാസിക്കുന്നു. ഇതുവരെ റീചാർജ് തുകകൾ 10 രൂപയും അതിൻ്റെ ഗുണിതങ്ങളും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.