മഞ്ഞപ്പിത്ത വ്യാപനം: ഡി എം ഒ അടിയന്തിര യോഗം വിളിച്ചു: ജനുവരിയിൽ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം
മഞ്ഞപ്പിത്ത പകർച്ചവ്യാധിക്കെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണമെന്ന് ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് നിർദേശിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കാൻ ഡിഎംഒ ഓഫീസിൽ ചേർന്ന പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരിയിൽ ആദ്യ രണ്ടാഴ്ച ക്ലോറിനേഷൻ വാരമായി ആചരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പിന്തുണ ഇതിന് അഭ്യർഥിച്ചു.
രോഗവ്യാപനം കണ്ടെത്തിയ തളിപ്പറമ്പിൽ സ്വകാര്യ കുടിവെള്ളം വിതരണം ആരോഗ്യവകുപ്പിന്റെ പരിശോധനക്കും അനുമതിയോടെയും മാത്രമേ പാടുള്ളൂ എന്ന് നഗരസഭയോട് നിർദേശിക്കും.
ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ കൂടെ ജോലി ചെയ്യുന്നവരുടെ പരിശോധന നിർബന്ധമാക്കും. പകർച്ച വ്യാധി നിയമപ്രകാരം സ്ഥാപനം അടച്ചിടാൻ നടപടി സ്വീകരിക്കും. തളിപ്പറമ്പിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും.
നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ, സെപ്റ്റിക് ടാങ്കുകൾ സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന കുന്നിൻ ചെരിവുകളിലെ കിണറുകൾ എന്നീ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കും. ഇവ ഇടവിട്ട് ഇടവിട്ട് സൂപ്പർ ക്ലോറിനേറ്റ് ചെയ്യണമെന്നും നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നടപടികൾക്ക് തളിപ്പറമ്പിലെ വ്യാപാരികളും പൗരസമൂഹവും നൽകുന്ന പിന്തുണ തുടരണമെന്ന് ഡിഎംഒ അഭ്യർഥിച്ചു.