കസേരകളിയില്‍ തീരുമാനം: ഡോ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു
കോഴിക്കോട് ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് കസേരയ്ക്കായുള്ള വടം വലി അവസാനിച്ചത്. സർക്കാർ നേരത്തെ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നിലനിൽക്കും.
ഒരേസമയം രണ്ട് ഡിഎംഒമാരാണ് ജില്ലയിൽ ഉണ്ടായത്. സ്ഥലം മാറി എത്തിയ ഡോ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ നിലവിലെ ഡിഎംഒ ഡോ എൻ രാജേന്ദ്രൻ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും മാറിക്കൊടുക്കില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
ഈ മാസം ഒമ്പതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ എൻ രാജേന്ദ്രന് ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്. പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നൽകിയ ഉത്തരവ്. എന്നാൽ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ കോഴിക്കോട് എത്താൻ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രൻ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നീക്കുകയും ചെയ്തു.
അതേസമയം, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ വിധിയിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. ട്രാന്‍സ്ഫറുകള്‍ നടത്തിയത് വേണ്ടത്ര ആലോചിക്കാതെയും ആളുകളെ കേൾക്കാതെയുമാണ്. ഡോ. ആശയ്ക്ക് സ്ഥലം മാറ്റത്തില്‍ പ്രത്യേക ആനുകൂല്യം ലഭിച്ചെന്നും വിധിയിലുണ്ട്. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുള്ളിൽ സ്ഥലംമാറ്റ ഉത്തരവിൽ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്.