വിളകൾക്ക് തീരെ വിലയില്ല; മന്ത്രിക്ക് പ്രതിഷേധ സൂചകമായി ഉള്ളിമാലയണിയിച്ച് കർഷകൻ
കൃഷിചെയ്യുന്ന വിളകൾക്ക് തീരെ വില ലഭിക്കാതെ വന്നതിനാൽ മന്ത്രിക്ക് പ്രതിഷേധ സൂചകമായി ഉള്ളിമാലയിട്ട് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്.ചിറയ് ഗ്രാമത്തിൽ ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോളായിരുന്നു സംഭവം. പ്രസംഗത്തിനിടയിൽ ഉള്ളി കർഷകനായ ഒരു യുവാവ് സ്റ്റേജിലേക്ക് കയറിവരികയും, മന്ത്രിയെ ഉള്ളിമാലയണിയിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ മൈക്കിൽ പ്രസംഗിക്കാനും ആരംഭിച്ചു. എന്നാൽ ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഇയാളെ പിടിച്ചുമാറ്റി.
മേഖലയിലെ കർഷകർ വിളകൾക്ക് വിലയിടിഞ്ഞത് മൂലം ആകെ അസ്വസ്ഥരാണ്. ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കഴിഞ്ഞ പത്ത് ദിവസത്തിൽ താഴ്ന്നത്. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.