അപകടം: ട്രക്കിന്റെ മുൻ ചക്രത്തിനിടയിലും, അടിയിലും കുടുങ്ങി രണ്ട് യുവാക്കൾ
ഉത്തർപ്രദേശിൽ രണ്ട് യുവാക്കൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുൻ ചക്രത്തിനിടയിലും, അടിയിലും കുടുങ്ങിയ രണ്ട് യുവാക്കളെയും കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളമാണ്.ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ബൈക്കിൽ ഇവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, പൊടുന്നനെ ട്രക്ക് വേഗത കൂട്ടുകയായിരുന്നു. ഇതോടെ ഇരുവരും അടിയിൽപെട്ടു.
വീഡിയോയിൽ ട്രക്കിന്റെ മുൻ ടയറിന്റെ ഭാഗത്തുകൂടുങ്ങിയ ഒരു യുവാവ് ജീവന് വേണ്ടി അലറിക്കരയുന്നത് കാണാം. എന്നാൽ അപ്പോൾപോലും ട്രക്ക് അതിവേഗതയിൽ ഇവരെയും കൊണ്ട് നീങ്ങുകയായിരുന്നു. യുവാവിന്റെ തല പുറത്തേയ്ക്ക് കാണാമെങ്കിലും ശരീരഭാഗം ടയറിനോട് ചേർന്നാണ് കിടക്കുന്നത്. അതിവേഗതയിൽ പോകുന്ന ട്രാക്കിന്റെ അടിയിലും ഒരു യുവാവ് കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രക്കിനടിയിൽപെട്ട രണ്ട് യുവാക്കളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.