സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46 അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പ്രവര്‍ത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എം.വി.ഗോവിന്ദന്‍ സമ്മേളനത്തില്‍ വെളിപ്പെടുത്തി. തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയിരുന്നെങ്കില്‍ മധു മുല്ലശേരിമാര്‍ ഉണ്ടാകില്ലായിരുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. നേതൃതലത്തില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ സമ്മേളനം അതേപടി അംഗീകരിച്ചു. 46അംഗ ജില്ലാ കമ്മിറ്റിയില്‍ 8 പേരെ പുതുതായി ഉള്‍പ്പെടുത്തി. നിലവിലുളള ജില്ലാ കമ്മിറ്റിയില്‍ നിന്ന് 8 പേരെ ഒഴിവാക്കിയാണ് പുതിയ ആളുകള്‍ക്ക് അവസരം നല്‍കിയത്. പുതിയ ജില്ലാ കമ്മിറ്റി ചേര്‍ന്ന് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.
32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പൊതുചര്‍ച്ചയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇ.പി.ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തനത്തിലെ പോരായ്മകൊണ്ടാണെന്ന് വെളിപ്പെടുത്തി. കണ്‍വീനര്‍ എന്ന നിലയില്‍ ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് നേരത്തെ വിലയിരുത്തി. എന്നാല്‍ തിരുത്തി മുന്നോട്ട് പോകുമെന്ന് കരുതി ആ ഘട്ടത്തില്‍ മാറ്റിയില്ല. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തെ പ്രസ്താവനകളും ജാവദേക്കര്‍ കൂടിക്കാഴ്ചയിലെ സ്ഥിരീകരണവും വന്നതോടെയാണ് മാറ്റിയതെന്ന് ഗോവിന്ദന്‍ പ്രതിനിധി സമ്മേളനത്തെ അറിയിച്ചു.