പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി 28ന്
പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുക. 2019 ഫെബ്രുവരി 20നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. (Verdict in Periya double murder case on december 28th)
മുന്‍ എം.എല്‍.എയും സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍ അടക്കം 24 പ്രതികളാണ് കേസില്‍ ഉള്ളത്. പെരിയാര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് ഒന്നാം പ്രതി. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നു എന്ന നിലപാട് ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസന്വേഷിച്ചത്.14 പേരെ ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎമ്മിന്റെ നേതാക്കള്‍ കേസില്‍ പ്രതികളാകുന്നത് സിബിഐ അന്വേഷണത്തിലാണ്. കേസില്‍ അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ 22 മാസം എടുത്താണ് പൂര്‍ത്തിയാക്കിയത്. മുന്‍ കെപിസിസി സെക്രട്ടറിയും പിന്നീട് സിപിഎമ്മിലേക്ക് പോകുകയും ചെയ്ത അഭിഭാഷകന്‍ പി കെ ശ്രീധരന്‍ ആണ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.