എക്സാലോജിക് മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും
സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അവസാനഘട്ട വാദം കേള്‍ക്കും.
എസ്എഫ്ഐഒയുടെ വാദവും സിഎംആര്‍എല്ലിന്റെ അന്തിമ വാദവും പൂര്‍ത്തിയായാല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയേക്കും. കേസിലെ എസ്എഫ്ഐഒ അന്വേഷണം നിയമ വിരുദ്ധമാണ് എന്നാണ് സിഎംആര്‍എലിന്റെ വാദം. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്. രഹസ്യ സ്വഭാവത്തിലുള്ള രേഖകള്‍ പരാതിക്കാരന് ലഭിച്ചത് നിയമ വിരുദ്ധമാണ് എന്നുമാണ് സിഎംആര്‍എലിന്റെ വാദം. എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആർഎൽ ഹൈക്കോടതിയില്‍ നേരത്തേയും വാദിച്ചിരുന്നു.
എന്നാല്‍ സിഎംആര്‍എലിനെതിരെ ഗുരുതര ആരോപണമാണ് എസ്എഫ്ഐഒ ഉയര്‍ത്തുന്നത്. ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നാണ് എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചത്.