കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ
അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിൽ മത്സരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.എല്ലാ വിഭാഗങ്ങളിലുമായി പതിനയ്യായിരത്തിൽ പരം കലാ പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
നഗരത്തിലെ മുപ്പതോളം സ്കൂളുകളെയാണ് അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ.