ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി
മുൻ മന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിന്റെ വിചാരണ പുനരാരംഭിക്കുവാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇന്ന് വിചാരണ കോടതിയിൽ ആന്റണി രാജു ഹാജരായിരുന്നു. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ആന്റണി രാജു ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കുവാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്. എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വിചാരണ നടത്താൻ പ്രത്യേക കോടതികൾ ഉണ്ടെന്ന കാര്യം ആൻറണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെപ്പറ്റി സുപ്രീംകോടതി വിധികൾ ഉണ്ടെന്നും അഭിഭാഷകൻ സൂചിപ്പിച്ചു. ഇത് വ്യക്തമാക്കി ഹർജി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്നായിരുന്നു കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി പരാമർശിച്ചു. കേസിലെ ഒന്നാം പ്രതി മുൻ കോടതി ക്ലാർക്ക് കെ എസ് ജോസും ഇന്ന് കോടതിയിൽ ഹാജരായി.