ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്കാന് യുവാവ് നാണയത്തുട്ടുകളുമായി കുടുംബ കോടതിയിലെത്തി
ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്കാന് യുവാവ് കുടുംബ കോടതിയിലെത്തിയത് 80000 രൂപയുടെ നാണയത്തുട്ടുകളുമായി. രണ്ട് രൂപയുടെയും ഒരു രൂപയുടെയും കോയിനുകളടങ്ങിയ കവറുകളുമായാണ് 37കാരന് കോടതിയിലെത്തിയത്. കോയമ്പത്തൂരിലാണ് സംഭവം. ടാക്സി ഡ്രൈവറാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ ജീവനാംശം നല്‍കാനായിരുന്നു കോടതി ഉത്തരവ്. തുടര്‍ന്ന് രണ്ട് രൂപ, ഒരു രൂപ നാണയങ്ങളടങ്ങിയ 20 കവറുകളുമായി ഇയാള്‍ കോടതിയില്‍ എത്തുകയായിരുന്നു.
നാണയങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ നോട്ടുകളായി കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു. കോടതി വരാന്തയിലൂടെ നാണയങ്ങളടങ്ങിയ കവറുകളുമായി നടന്നു നീങ്ങുന്ന ഇയാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.വ്യാഴാഴ്ച നാണയത്തിന് പകരം കറന്‍സി നോട്ടുകള്‍ ഇയാള്‍ കോടതിയില്‍ കൈമാറി. മിച്ചമുള്ള 1.2 ലക്ഷം രൂപ ഉടന്‍ അടയ്ക്കാന്‍ കോടതി നിര്ദേശിച്ചുമുണ്ട്.