തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം: ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന

0

മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയിൽ ഡിഎംഒയുടെ നിർദേശ പ്രകാരം ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്‌ക്വാഡ് നടത്തിയ പരിശോധയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി വിവരം ലഭിച്ചു. ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെയും മറ്റും വിവരങ്ങൾ ശേഖരിച്ചു. കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇ- കോളിയുടെ സാനിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസ്സുകളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. നഗരത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് ശേഖരിക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്ദ സംഘവും തളിപ്പറമ്പ് മേഖല സന്ദർശിച്ച് രോഗ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ജില്ലാ ആരോഗ്യ വകുപ്പിനോടൊപ്പം ചേർന്ന് നടത്തുന്നു. ഡിസീസ് മാപ്പ് തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മലവിസർജ്യം കലർന്ന വെള്ളം കുടിക്കാനായി ഉപയോഗിക്കുന്ന സാഹചര്യം ഉള്ളതായാണ് പ്രാഥമികനിഗമനം. കൂടുതൽ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ് ശ്രമിക്കുന്നത്. കൂട്ടു കുടുംബമായി കൂടുതൽ അംഗങ്ങൾ താമസിക്കുന്ന സാഹചര്യം ഉള്ളതിനാൽ ഒരാൾക്ക് രോഗം വന്നാൽ രോഗവ്യാപനത്തിന്റെ സാഹചര്യം ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രോഗം വന്നവർ വിവരം സ്വകാര്യമാക്കി വെക്കുന്നതും ആരോഗ്യ പ്രവർത്തകരോട് കാര്യങ്ങൾ തുറന്നു പറയുന്നതിന് വിമുഖത കാട്ടുന്നതും വെല്ലുവിളിയാണ്. രോഗം സംശയിക്കുന്നവർ ആദ്യം ക്ലിനിക്കുകളിൽ കാണിക്കുകയും ടെസ്റ്റിംഗിന് ശേഷം തിരികെ ക്ലിനിക്കിൽ പോകാതെ പച്ച മരുന്ന് ചികിത്സകരെ  കാണിക്കുന്നതായും ആരോഗ്യ വകുപ്പിന്റെ കണക്കിൽ പെടാതെ വരുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
തളിപ്പറമ്പിൽ ഈ വർഷം മെയ് മാസമാണ് മഞ്ഞപ്പിത്തം പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപ്പിത്ത ബാധയുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും. തളിപ്പറമ്പ് നഗരസഭയിൽനിന്ന് അകലെയുള്ള ചെറുതാഴം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കേസുകൾ കുറവുമാണ്.

മഞ്ഞപ്പിത്തം ബാധിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികളാണ്. നഗരങ്ങളിൽ നിന്നു ശീതള പാനീയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ മുഴുവൻ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്ക് മഞ്ഞപ്പിത്ത ബോധവത്കരണ പരിപാടികളും വൃത്തിയുള്ള ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധ വൽക്കരണ പരിപാടികളും നടത്തിയിരുന്നു.

ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരമുള്ള സ്‌ക്വാഡിൽ ജില്ലാ സർവേലൻസ് ഓഫീസർ ഡോ. സച്ചിൻ കെ സി യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിൽ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, രോഹിത് എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ ദിൽന, ഭാവന എന്നിവരും ഉണ്ടായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *