അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ആത്മഹത്യ; ഹവിൽദാർ വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടു

0

അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത ഹവിൽദാർ വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് സൂചന. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതും, ഗർഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാൻ അവധി നൽകാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം.മരിക്കുന്നതിന് മുൻപ് വിനീത് താൻ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നൽകിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. ഇതും, ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ അവധി നൽകാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബന്ധുവിന് അയച്ച കത്തിൽ ഓട്ടത്തിന്റെ സമയം വർധിപ്പിക്കണമെന്നും ചിലർ ചതിച്ചുവെന്നും, പണി കൊടുക്കുന്നവരെ മാറ്റാൻ പറയണമെന്നും വിനീത് പറയുന്നുണ്ട്.

വിനീതിന്റെ മരണത്തിൽ ടി സിദ്ദിഖ് എംഎൽഎയും പ്രതികരണവുമായി രംഗത്തെത്തി. കൊടും പീഡനത്തിന്റെ ഇരയാണ് വിനീത് എന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പെരുമാറുന്നത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും വിനീതിന് അവധി അനുവദിച്ചിരുന്നില്ല. റിഫ്രഷ്മെന്റ് കോഴ്സുകളിൽ പരാജയപ്പെടുന്ന പോലീസുകാർ നേരിടുന്നത് കൊടും പീഡനമെന്നും വലിയ സമ്മർദ്ദത്തിലാണ് കേരളത്തിലെ പോലീസ് സേന പ്രവർത്തിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *