പൂരം കലക്കലിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചന; വിഎസ് സുനിൽകുമാർ
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ മൊഴി നൽകി വിഎസ് സുനിൽകുമാർ. പൂരം നടത്തിപ്പ് സംബന്ധിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായി നൽകിയ മൊഴിയിലാണ് സുരേഷ് ഗോപിക്കെതിരായ പരാമർശം. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുവെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.
പൂരം ചടങ്ങുകൾ മാത്രമാക്കിയതും വെടിക്കെട്ട് നടത്തില്ലെന്ന് പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങളുടെ സാഹചര്യം താൻ വിശദീകരിച്ചുവെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. പൂരം കലക്കലിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ളവരുടെ പങ്കും നേതാക്കളുടെ ഗൂഢാലോചനയും താൻ അവിടെ പറഞ്ഞിട്ടുണ്ട്. പൂരത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് താൻ വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷേ അത് തരാൻ പറ്റില്ല എന്നുള്ളതാണ് പോലീസ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.