പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി

0
പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന നടന്ന കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 138 പരാതികൾ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 191 പരാതികളാണ് ലഭിച്ചത്. 326 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 517. അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ ഒമ്പത് പേർക്ക് മന്ത്രി മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
പല കാരണങ്ങൾ കൊണ്ട് പരിഹരിക്കാനാവാതെ കിടക്കുന്ന പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്ന വേദിയാണ് താലൂക്ക് അദാലത്തുകളെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങളുടെ പരാതിയിൽ മേൽ വളരെ വേഗം പരിഹാരം കാണുന്ന ജനകീയ അദാലത്തുകൾ മാതൃകാപരമാണ്. പുതിയ പരാതികൾ അതാത് വകുപ്പുകൾ പരിശോധിച്ചു രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
ശാന്ത വെങ്ങര, ശാരദ കാറമേൽ, സരോജിനി എരമം-കുറ്റൂർ, പി വി ശ്രീജ രാമന്തളി, ഫൗസിയ മാടായി, രാഗിണി പയ്യന്നൂർ,  ശ്യാമള കാങ്കോൽ,  എ കമലാക്ഷി കാനായി,  പി ഉമീറ വെള്ളൂർ എന്നിവർക്കാണ് മുൻഗണന കാർഡുകൾ വിതരണം ചെയ്തത്.
ടി.ഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. എം വിജിൻ എം.എൽ.എ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ.വി ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, കല്യാശ്ശേരി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന, കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ലേജു, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്‌സാണ്ടർ, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, നഗരസഭാ കൗൺസിലർ മണിയറ ചന്ദ്രൻ, തളിപ്പറമ്പ് ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്ത്  ഡിസംബർ 16 തിങ്കളാഴ്ച ഇരിട്ടിയിൽ സമാപിക്കും. രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത് നടക്കുക.
കാർത്തിക്കിന് സംരംഭം തുടങ്ങാൻ സഹായം

ഭിന്നശേഷിക്കാരനായ മകൻ കാർത്തിക് സുനിലിന് കറി പൗഡർ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ധനസഹായത്തിനാണ് അന്നൂർ സ്വദേശിനി  ധനധ സുനിൽ അദാലത്തിൽ എത്തിയത്. കൈവല്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കാൻ തളിപ്പറമ്പ് എംപ്ലോയ്‌മെൻറ് ഓഫീസർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. എംപ്ലോയ്‌മെന്റ് ഓഫീസിൽ ഭിന്നശേഷി സംരംഭക പദ്ധതിയിൽ വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ തീരുമാനമാകാതെ വന്നതോടെയാണ് അദാലത്തിൽ മന്ത്രിയെ സമീപിച്ചത്.

പ്രവാസികൾക്ക് കൈത്താങ്ങായി അദാലത്ത്

പ്രവാസികളായ നാലകത്ത് മൊയ്തീന്റേയും മുഹമ്മദ് ഹാരിസിന്റെയും ഏഴോം ഗ്രാമപഞ്ചായത്തിലെ നാല് നില വാണിജ്യ സമുച്ചയത്തിന് കെട്ടിട നമ്പർ അനുവദിക്കാൻ ‘കരുതലും കൈത്താങ്ങും’ പയ്യന്നൂർ താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. 2020ൽ പെർമിറ്റ് ലഭിച്ച കെട്ടിടത്തിന് നമ്പറിനായുള്ള നീണ്ട കാത്തിരിപ്പിനാണ് അറുതിയാവുന്നത്.
കേരള തീരദേശ പരിപാലന അതോറിറ്റിയുടെ (കെസിഇസെഡ്എംഎ) അനുമതി ഇല്ലെന്ന കാരണത്താൽ കെട്ടിടത്തിന് നമ്പർ അനുവദിക്കാനാവില്ലെന്ന പഞ്ചായത്തിന്റെ നിലപാടിനെതിരെയാണ് ഇവർ അദാലത്തിൽ പരാതി നൽകിയത്.
നാല് നില വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് 2020ൽ പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്ന മെമ്പർ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ കെട്ടിട നിർമ്മാണം ആരംഭിച്ചത്.
2019 ജനുവരിയിലെ സിആർഇസെഡ് ഭൂപടം അനുസരിച്ച് പുഴ അരികിൽ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം (വികസന നിയന്ത്രിത മേഖല) 100 മീറ്റർ 50 മീറ്റർ ആയി ചുരുക്കിയിരുന്നു. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തിയായതിനു ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയപ്പോൾ തീരദേശ പരിപാലന നിയമ ലംഘനം ചൂണ്ടിക്കാട്ടി 2023 ഓഗസ്റ്റിൽ പഞ്ചായത്ത് സെക്രട്ടറി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് വീണ്ടും കത്തെഴുതുകയും അനുമതിക്ക് തടസ്സമില്ലെന്ന് അതോറിറ്റി മറുപടി നൽകുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രിയുടെ നിർദേശം.

ശരീരം തളർന്ന ആഷ്ലിക്ക് ആശ്വാസം; പെട്ടിക്കട തുടങ്ങാൻ സാമൂഹ്യ നീതി വകുപ്പ് ധനസഹായം നൽകും

ശരീരത്തിന്റെ വലതുവശം തളർന്ന, ഹൃദയസംബന്ധമായ അസുഖമുള്ള, ഓട്ടോ ഡ്രൈവറായിരുന്ന ചെറുപുഴ ചുണ്ട സ്വദേശി ആഷ്ലി ജെയ്‌സണിന് പെട്ടിക്കട തുടങ്ങാൻ സാമ്പത്തിക സഹായം അനുവദിക്കാൻ ജില്ലാ സമൂഹ്യ നീതി വകുപ്പിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. ഇതിന് വേണ്ടി  ഏജൻസിയെ കണ്ടെത്തി കാലതാമസം കൂടാതെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു. കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിലാണ് മന്ത്രിയുടെ നിർദേശം.
ആഷ്‌ലിക്ക് ഭിന്നശേഷി ക്ഷേമ കോർപറേഷൻ മുഖാന്തിരം പെട്ടിക്കട തുടങ്ങാൻ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള മാർഗ നിർദേശം ജില്ലാ സാമൂഹ്യ നീതി ഓഫീസർ നൽകി. ഐസിഡിഎസ് സൂപ്പർവൈസർ പഞ്ചായത്തുമായി ചേർന്ന് സഹായം ഒരുക്കും. ചികിത്സക്കായി വീടും സ്ഥലവും വിറ്റ ആഷ്ലിയും ഭാര്യയും ഇപ്പോൾ വാടക വീട്ടിലാണ് താമസം.

രാഘവന് കടമുറി പണിയുന്നതിന് തടസ്സം മാറും

കാനായി കൊഴുമ്മൽ രാഘവന് കടമുറി നിർമ്മിക്കുന്നതിനായി നേരിട്ട തടസ്സം മാനുഷിക പരിഗണന നൽകി പരിശോധിച്ച് പരിഹരിക്കാൻ പയ്യന്നൂർ നഗരസഭാ സെക്രട്ടറിക്ക് പയ്യന്നൂർ താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി. വീടിനോടു ചേർന്ന 2.3 മീറ്റർ സ്ഥലം മണിയറ കാനായി മാതമംഗലം റോഡിനു വേണ്ടി സൗജന്യമായി ഇദ്ദേഹം വിട്ടു നൽകിയിരുന്നു. അതിനാൽ സ്ഥലപരിമിതി ഉള്ളതിനാൽ റോഡിനോട് ചേർന്ന്  കടമുറി പുതുക്കി പണിയുന്നതിന്  ബിൽഡിങ് പ്ലാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതിനാണ് പരിഹാരമാവുന്നത്.

മോഹനന് പെൻഷൻ ലഭിക്കാൻ ഡിഎംഒ ശുപാർശ നൽകും

അനാരോഗ്യം കാരണം ജോലി ചെയ്യാൻ സാധിക്കാത്ത തിരുമേനി സ്വദേശി ആർ മോഹനന് പെൻഷൻ ലഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും സർക്കാറിലേക്ക് ഉടൻ ശുപാർശ അയക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശിച്ചു. കേരള കള്ള് ഷാപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ എന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ പൂർണമായും ശാശ്വതമായും ഒരു ജോലിയും ചെയ്യാൻ കഴിയില്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും പെൻഷൻ നടപടി സ്വീകരിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ശുപാർശ സഹിതം ഉടൻ അയക്കണമെന്ന് മന്ത്രി നിർദേശിച്ചു. കഴിഞ്ഞ രണ്ട് വർഷമായി തിരുമേനിയിലുള്ള ഷാപ്പിൽ ജോലി ചെയ്തു വരികയായിരുന്നു മോഹനൻ. പെൻഷൻ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ മകളോടൊപ്പാണ് മോഹനൻ അദാലത്തിന് എത്തിയത്.

പനയന്താർ കുളം കൈയേറ്റം പൂർണമായും ഒഴിപ്പിക്കും

പയ്യന്നൂർ നഗരസഭാ പരിധിയിലെ പനയന്താർ കുളം പൂർവസ്ഥിതിയിലാക്കുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും അദാലത്തിൽ തീരുമാനമായി. കണ്ടങ്കാളി സ്വദേശി കെ സുബേദാർ വേണുഗോപാലൻ നൽകിയ പരാതിയിലാണ് നടപടി. കുളം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സംരക്ഷിക്കണമെന്ന് പരാതിക്കാരന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദ്ദേശം നൽകി.
താലൂക്ക് സർവെയർ സ്ഥലം തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ കൈയേറ്റം ഒഴിപ്പിച്ചു നടപടി സ്വീകരിച്ചതായും മന്ത്രി പരാതിക്കാരനെ ബോധ്യപ്പെടുത്തി. പനയന്താർ കുളം കയ്യേറിയ വ്യക്തിയിൽ നിന്ന് കൈയേറ്റം പൂർണമായും ഒഴിവാക്കി കുളം പൂർവസ്ഥിതിയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള അതിരുകൾ നിശ്ചയിക്കണമെന്നുമായിരുന്നു സുബേദാർ വേണുഗോപാലന്റെ ആവശ്യം.

വി വി ശിവരാമന് കാർഷിക വൈദ്യുതി കണക്ഷൻ നൽകും

കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശ പ്രകാരം പയ്യന്നൂർ കരുവാച്ചേരിയിലെ വി വി ശിവരാമന് കാർഷിക വൈദ്യുതി കണക്ഷൻ നൽകാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഒവൈഇസി ഫീസ് കെഎസ്ഇബി വഹിക്കും. 42 സെൻറിൽ തെങ്ങ് കൃഷി ചെയ്യുന്ന ഇേദ്ദഹം കാർഷിക വൈദ്യുതിക്ക് 2011 മുതൽ എല്ലാ രേഖകളും സഹിതം അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കണക്ഷൻ അനുവദിച്ചത്.

ജാനകിക്ക് എഎവൈ കാർഡ് കിട്ടും

റേഷൻ കാർഡ് അന്ത്യോദയ അന്ന യോജന ആക്കണമെന്ന അപേക്ഷയുമായാണ് രോഗിയായ ജാനകിയും  ഭർത്താവ് രാധാകൃഷ്ണനും പയ്യന്നൂർ താലൂക്ക് അദാലത്തിന് എത്തിയത്. മക്കളില്ലാത്ത ഇവർക്ക് എട്ടു സെൻറ് ഭൂമിയും ഷീറ്റിട്ട വീടും മാത്രമാണുള്ളത്.
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ വാച്ചാലിൽ താമസിക്കുന്ന ജാനകിയുടെ പരാതിയിൽ അനുകൂല നടപടി സ്വീകരിച്ചതായി അറിയിച്ചതോടെ അതിയായ സന്തോഷത്തോടെയാണ് ഇരുവരും അദാലത്ത് വേദിയിൽ നിന്നിറങ്ങിയത്.

ചെറുപുഴ-പാണ്ടിക്കടവ്- മണിമലക്കുന്ന് റോഡ് ആസ്തിയിൽ ഉൾപ്പെടുത്തും

ചെറുപുഴ പഞ്ചായത്തിലെ പതിനേഴാം വാർഡിൽപ്പെട്ട ചെറുപുഴ-പാണ്ടിക്കടവ്-മണിമലക്കുന്ന് റോഡ് ആസ്തിയിൽ ഉൾപ്പെടുത്താൻ പയ്യന്നൂർ താലൂക്ക് അദാലത്തിൽ തീരുമാനമായി. റോഡ് കമ്മിറ്റി കൺവീനർ ബിനു പുളിമൂട്ടിൽ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. റോഡ് നേരത്തെ പഞ്ചായത്ത് രേഖകളിൽ ഉണ്ടായിരുന്നതും ടാറിങ് നടത്തിയതുമാണ്. എന്നാൽ ഇപ്പോൾ റോഡ് പഞ്ചായത്ത് രേഖകളിൽ ഇല്ലെന്ന് റോഡ് കമ്മിറ്റി പരാതിപ്പെട്ടു.
പരാതി സംബന്ധിച്ച് പഞ്ചായത്തിന്റെ സാങ്കേതിക വിഭാഗം നേരിട്ട് അന്വേഷിച്ചതായും അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്ത് റോഡ് ആസ്തിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.

തടസ്സങ്ങൾ നീങ്ങി, രവീന്ദ്രന് പെട്ടിക്കട തുടങ്ങാം

ഭിന്നശേഷിക്കാരനായ കുഞ്ഞിമംഗലം സ്വദേശി എം. കെ രവീന്ദ്രന് പയ്യന്നൂർ നഗരസഭ പരിധിയിൽ പെട്ടിക്കട തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം അനുവദിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നഗരസഭയ്ക്ക് നിർദേശം നൽകി. പെട്ടിക്കട തുടങ്ങുന്നതിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, നഗരസഭയുടെ പരിശോധനയിൽ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി ലൈസൻസ് നൽകിയില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയാൽ ലൈസൻസ് നൽകാമെന്ന് നഗരസഭ അധികൃതർ അദാലത്തിൽ അറിയിച്ചു. തുടർന്ന്, ഡിസംബർ 17ന് നടക്കുന്ന തെരുവ് കച്ചവട യോഗത്തിൽ അനുയോജ്യമായ സ്ഥലം അനുവദിച്ച് നടപടി സ്വീകരിക്കുവാൻ മന്ത്രി നഗരസഭയ്ക്ക് നിർദേശം നൽകി.

ശ്യാമിന് വിദേശത്തേക്ക് പറക്കാം, ധനസഹായത്തിന് നിർദേശം

കോട്ടില സ്വദേശി ശശീന്ദ്രന്റെ മകൻ ശ്യാംലാലിന് വിദേശ ജോലിക്ക് വേണ്ടിയുള്ള ധനസഹായം അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ നിർദേശം. ഫണ്ട് ഉടൻ ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ  പട്ടികജാതിവികസന ഓഫീസിന് മന്ത്രി നിർദേശം നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് വിദേശ തൊഴിലിന് വേണ്ടി ധനസഹായത്തിൽ അനുവദിക്കുന്നതിനുള്ള പദ്ധതിയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനാണ് നിർദേശം.

About The Author

Leave a Reply

Your email address will not be published. Required fields are marked *