പാലക്കാട് അപകടം; ‘ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണം’; നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി.കെ ശ്രീകണ്ഠൻ
നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി വി.കെ ശ്രീകണ്ഠൻ എംപി. ദേശീയപാതയിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയെന്ന് കത്തിൽ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് കത്തിൽ പറയുന്നു.
അതേസമയം തുടർച്ചയായി അപകടങ്ങൾ നടക്കുന്ന പനയമ്പാടത്തെ റോഡിൻറെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആർടിഒ പറയുന്നത്.
അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമൻ്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവർ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റം ചുമത്തിയ പ്രജീഷ് ജോണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.