ലോറി പാഞ്ഞുകയറി മരിച്ച നാല് കൂട്ടുകാരികള്‍ക്കും നാട് വിട ചൊല്ലി
പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് കൂട്ടുകാരികള്‍ക്കും തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറൊരുങ്ങിയത്. പെയ്തുതോരാത്ത സങ്കടപ്പെരുമഴയില്‍, നാടൊന്നാകെ അവര്‍ നാല് പേര്‍ക്കും അന്ത്യയാത്രമൊഴി ചൊല്ലി. പൊന്നോമനകളെ അവസാന നോക്കു കാണാനെത്തിയവര്‍ക്ക് സങ്കടം താങ്ങാനായില്ല.
രാവിലെ എട്ടര മുതല്‍ കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടന്നു.കരിമ്പ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ വീട്ടുകാര്‍ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംബി രാജേഷ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കുട്ടികളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പനയംപാടത്ത് വെച്ച് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ചത്. പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് അവരെഴുതിയ ഉത്തരങ്ങള്‍ ഒത്തുനോക്കി മിഠായി നുണഞ്ഞ് അവരങ്ങനെ നടക്കുകയായിരുന്നു.പിന്നിലൂടെ വന്ന ലോറി അവരുടെ ജീവനെടുക്കുകയായിരുന്നു.