കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം ഡിസംബർ 17 മുതൽ
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം ഡിസംബർ 17 മുതൽ തുടങ്ങും.ഇതിന് മുന്നോടിയായി പാടിയിൽ പണി തുടങ്ങി. ദേവസ്ഥാനത്ത് താത്കാലിക മടപ്പുരയും അടിയന്തിരക്കാരുടെ പന്തലുകളും ഒരുക്കുന്ന പ്രവൃത്തി നടക്കുകയാണ്. മെടഞ്ഞ ഓലകൾ കൊണ്ടാണ് ദേവസ്ഥാനത്ത് താത്കാലിക മടപ്പുര നിർമിക്കുന്നത്. 17-ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്‌തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ച പൂജ, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും. സന്ധ്യയോടെ പാടിയിൽ പ്രവേശിക്കൽ ചടങ്ങ് തുടങ്ങും. താഴെ പൊടിക്കളത്ത് നിന്ന് അടിയാന്മാർ, ചന്തൻ, കരക്കാട്ടിടം വാണവർ, കോമരം, കോലധാരി, വാദ്യ മേളക്കാരും ചൂട്ടും ഭണ്ഡാരവുമായി വെടിക്കെട്ടിന്റെ അകമ്പടിയോടെ പാടിയിലേക്ക് കയറും.
ആദ്യദിനം രാത്രി പത്ത് മുതൽ മുത്തപ്പന്റെ ജീവിത ഘട്ടങ്ങളെ പ്രതിനിധാനം ചെയ്ത് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിങ്ങനെ നാല് തെയ്യങ്ങളാണ് കെട്ടിയാടുക. പുലർച്ചയോടെ മുത്തപ്പന്റെ അമ്മയായ മൂലംപെറ്റ ഭഗവതിയെയും കെട്ടിയാടും. മറ്റ് ദിവസങ്ങളിൽ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ഉത്സവ കാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ജനുവരി 16-ന് ഉത്സവം സമാപിക്കും. ഉത്സവനാളുകളിൽ ഉച്ചക്കും രാത്രിയും താഴെ പൊടിക്കളത്ത് അന്നദാനമുണ്ട്.