മാലിന്യപ്രശ്നം: മയ്യിൽ ഡ്രോൺ അക്കാദമി കെട്ടിടം പരിശോധിച്ച് നോട്ടീസ് നൽകാൻ നിർദേശം
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതിയിൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഡ്രോൺ അക്കാദമി കെട്ടിടം പരിശോധിച്ച് അനധികൃതമെങ്കിൽ അടച്ചുപൂട്ടൽ നോട്ടീസ് നൽകാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. ‘കരുതലും കൈത്താങ്ങും’ തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹോസ്റ്റൽ നടത്തുന്നതിന് ലൈസൻസ് ഇല്ലെങ്കിൽ ഹോസ്റ്റൽ നടത്താൻ പാടില്ലെന്നും സെപ്റ്റിക് ടാങ്ക് ആവശ്യമായ വിധത്തിലില്ലെങ്കിൽ സ്ഥാപനം നടത്താൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നോട്ടീസ് നൽകാനും സെക്രട്ടറിക്ക് നിർദേശം നൽകി.
നൂറോളം കുട്ടികൾ പഠിക്കുന്ന ഡ്രോൺ അക്കാദമിയിൽ മതിയായ മാലിന്യ സംസ്കരണ സംവിധാനമോ സെപ്റ്റിക് ടാങ്കോ ഡ്രയിനേജ് വാട്ടർ ടാങ്കോ നിലവിലില്ലാത്തതിനാൽ പരിസര വാസികളുടെ കിണറുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി പരാതിയിൽ പറഞ്ഞു. രണ്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും മലിനീകരണം ഉണ്ടാക്കുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തും വരെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് എം. പുരുഷോത്തമന്റെ നേതൃത്വത്തിൽ നാട്ടുകാർ അദാലത്തിൽ നൽകിയ പരാതി പരിഗണിച്ചാണ് നടപടി.