മുണ്ടിനീരിനെതിരെ ജാഗ്രത പുലർത്തണം : ഡി എം ഒ
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും മുണ്ടിനീര് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മുണ്ടിനീര്, മുണ്ടി വീക്കം, തൊണ്ടി വീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ബാധിക്കുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്.
ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങൾ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
പകർച്ച
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു. രോഗ ലക്ഷണങ്ങൾ പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.
പ്രതിരോധം
* അസുഖ ബാധിതർ പൂർണമായും മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.
* രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
* രോഗികളായ കുട്ടികളെ സ്കൂളിൽ വിടുന്നത് പൂർണമായും ഒഴിവാക്കുക.
* രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്.
ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികൾക്ക് ജനിച്ചശേഷം 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം എം ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളിൽ നിന്നും പ്രതിരോധം ലഭിക്കും. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതൽ കാണപ്പെടുത്. ജില്ലയിൽ 2024 ൽ ഇതുവരെ ആകെ 13719 മുണ്ടിനീര് കേസുകൾ റിപ്പോർട്ടു ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.