ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നോഡല്‍ ഓഫീസറെ നിയോഗിച്ചത് സംബന്ധിച്ച വിവരങ്ങള്‍ എസ്‌ഐടി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.

ഹേമ കമ്മിറ്റി രൂപീകരണത്തിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. ചലച്ചിത്ര മേഖലയില്‍ ഇടക്കാല മാതൃകാ പെരുമാറ്റച്ചട്ടം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലൂടെ നടപ്പാക്കണമെന്ന ഡബ്ല്യൂസിസിയുടെ ഹര്‍ജിയും ഹൈക്കോടതിയുടെ ഇന്ന് പരിഗണിക്കും. ഇതോടൊപ്പം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണ പുരോഗതി എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിവാദവും തലപൊക്കി. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ഈ പേജുകളിലാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി ആര്‍ റോഷിപാല്‍ അടക്കമുള്ളവര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും ഹിയറിങ് നടക്കുകയും ചെയ്തിരുന്നു. നീക്കം ചെയ്ത പേജുകള്‍ പുറത്തുവരേണ്ടതുണ്ടെന്നായിരുന്നു ഹിയറിങ്ങില്‍ റോഷിപാല്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഈ നടപടിക്കെതിരെ വിവരാവകാശ കമ്മീഷൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *