കോക്കാട്-മുച്ചിലോട്ട് ക്ഷേത്രം-പാണച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു
നവീകരണം പൂർത്തിയായ ചെറുതാഴം പഞ്ചായത്തിലെ കോക്കാട്-മുച്ചിലോട്ട് ക്ഷേത്രം-പാണച്ചിറ റോഡ് ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ലിൻഡ ഇ റിപ്പോർട്ട് അവതരിപ്പിച്ചു.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന എന്നിവർ മുഖ്യാതിഥികളായി. റോഡ് നവീകരണ പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ 65.20 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഡിസംബറിൽ 11 മുതൽ നടക്കുന്ന കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രാധാന്യം കൂടി പരിഗണിച്ചാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്നും മിനിമാസ്റ്റ് ലൈറ്റും ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു.
1250 മീറ്റർ നീളത്തിലുള്ള റോഡ് നിലവിലുള്ള മൂന്ന് മീറ്റർ വീതിയിൽ നിന്നും നാല് മീറ്റർ വീതിയിൽ ടാറിംഗ് ചെയ്ത് നവീകരിച്ചു. 565 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും ഗാർഡ് സ്റ്റോണും നിർമ്മിക്കുകയും സംരക്ഷണ ഭിത്തിയുടെ മുകളിൽ കോൺക്രീറ്റ് ബെൽറ്റും നൽകി ബലപ്പെടുത്തുകയും ചെയ്തു.
130 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മിക്കുന്നതോടൊപ്പം വെള്ളക്കെട്ടുള്ള 330 മീറ്റർ ഭാഗം റോഡ് ഉയർത്തി ടാറിംഗ് ചെയ്താണ് നവീകരണം നടത്തിയത്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേനയാണ് പ്രവൃത്തി നടപ്പിലാക്കിയത്.
എം വി രവി, ബ്ലോക്ക് വികസന കമ്മിറ്റി ചെയർമാൻ എ വി രവീന്ദ്രൻ, ചെറുതാഴം വാർഡ് അംഗങ്ങളായ എം ടി സബിത, യു രാമചന്ദ്രൻ, പി കുഞ്ഞിക്കണ്ണൻ, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം വി രാജീവൻ, ക്ഷേത്ര ഭാരവാഹി കെ നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.