വാക്വം ഡെലിവറിക്കിടയില്‍ ഉണ്ടായ പരുക്ക്; കുഞ്ഞിന്റെ കൈ തളര്‍ന്നുപോയി
ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ പുഷ്പക്കെതിരെയും പരാതി. ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു കുട്ടിയുടെ കൂടി കൈ തളര്‍ന്നുപോയതായാണ് പുതിയ പരാതി. വാക്വം ഡെലിവറിക്കിടയില്‍ ഉണ്ടായ പരുക്കാണ് തളര്‍ച്ചക്ക് കാരണമെന്ന് മെഡിക്കല്‍ കോളേജിലെ ചികിത്സാ രേഖകള്‍ പറയുന്നു. അസാധാരണ രൂപത്തില്‍ കുഞ്ഞു പിറന്ന കേസിലും പ്രസവത്തില്‍ കുഞ്ഞിന്റെ കൈ തളര്‍ന്ന കേസിലും പ്രതിയാണ് ഡോക്ടര്‍ പുഷ്പ.പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷിയാണ് ഇല്ലാതായത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി.
നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടര്‍ പുഷ്പയാണ് ചികിത്സ നടത്തിയതും പ്രസവം എടുത്തതും. പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണം. പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്ന കുഞ്ഞിന്റെ ആ രാഗ്യത്തെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വാക്വം ഡെലിവറിയിലൂടെ ജനിച്ച ഒന്നര വയസ്സുകാരന്റെ വലതുകൈയുടെ സ്വാധീനവും ഇത്തരത്തില്‍ നഷ്ടമായെന്ന പരാതിക്ക് പിന്നാലെയാണിത്.