കണ്ണൂർ താലൂക്ക് അദാലത്തിൽ 208 പരാതികൾ പരിഗണിച്ചു
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒആർ കേളു എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ‘കരുതലും കൈത്താങ്ങും’ കണ്ണൂർ താലൂക്ക് അദാലത്തിൽ ആകെ 208 പരാതികൾ പരിഗണിച്ച് നടപടികൾ സ്വീകരിച്ചു. ഡിസംബർ ആറ് വരെ ഓൺലൈനായും താലൂക്ക് ഓഫീസിൽ നേരിട്ടും സ്വീകരിച്ച പരാതികളാണിവ. അദാലത്തിൽ പരിഗണിക്കാനാവാത്ത വിഷയങ്ങളായതിനാൽ 30 എണ്ണം നിരസിച്ചു. 63 എണ്ണത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഡിസംബർ ആറ് വരെ ആകെ ലഭിച്ച പരാതികൾ 301. അദാലത്ത് ദിവസം 163 പരാതികൾ ലഭിച്ചു. ആകെ പരാതികൾ സ്വീകരിച്ചത് 464. രാവിലെ 10 മണിക്ക് തുടങ്ങിയ അദാലത്ത് രാത്രി ഏഴ് മണിയോടെയാണ് സമാപിച്ചത്.
പുതിയ പരാതികളിൽ മേൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 22 റേഷൻ കാർഡുകൾ വേദിയിൽ അനുവദിച്ചു. വഴിതർക്കം, കെട്ടിടത്തിന് നമ്പർ ഇടൽ എന്നീ വിഷയങ്ങളിൽ ത്വരിത ഗതിയിൽ നടപടി സ്വീകരിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമി സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ സർക്കാർ നിർദ്ദേശിച്ച പരാതികളിൽ മേൽ മന്ത്രിമാർ നേരിട്ട് ഇടപെട്ടു. ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അദാലത്തിൽ പ്രത്യേക പരിഗണന നൽകി.
കെ.വി സുമേഷ് എംഎൽഎ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, അസിസ്റ്റൻറ് കലക്ടർ ഗ്രന്ധേ സായി കൃഷ്ണ, വനം വകുപ്പ് നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.എസ് ദീപ, കണ്ണൂർ ഡിഎഫ്ഒ എസ് വൈശാഖ്, ഡെപ്യൂട്ടി കളക്ടർമാർ, തദ്ദേശ ജോയിൻറ് ഡയറക്ടർ അരുൺ ടിജെ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.