വൻകുളത്തുവയൽ ടൗൺ സൗന്ദര്യവത്കരണം ഒന്നാംഘട്ടം പൂർത്തിയായി
അഴീക്കോട് മണ്ഡലത്തിലെ വൻകുളത്തുവയൽ ടൗണിന്റെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തീകരണ ഉദ്ഘാടനം രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സൗന്ദര്യമുള്ള മനസ്സുകൾക്ക് മാത്രമേ സൗന്ദര്യവത്കരണം നടപ്പിലാക്കാൻ കഴിയൂ എന്നും ഗ്രാമങ്ങൾ അവയുടെ തനിമ കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. അഴീക്കോടിന്റെ ഹൃദയഭാഗമായ വൻകുളത്തുവയവൽ ടൗണിന്റെ മുഖച്ഛായ മാറ്റുന്ന പ്രവൃത്തികളാണ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഘട്ടങ്ങളായി നടപ്പാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
കെ വി സുമേഷ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട പ്രവൃത്തികൾ നടത്തിയത്. രണ്ടാംഘട്ട പ്രവൃത്തികൾക്കായി എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ആദ്യഘട്ട സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൻകുളത്ത്‌വയൽ ടൗണിന്റെ റോഡിനിരുഭാഗവും നടപ്പാത നിർമിച്ച് കൈവരികൾ സ്ഥാപിച്ചു. തകർന്ന ഓവുചാലുകൾ പുനർനിർമിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ സഹായത്തോടെ നടപ്പാതയ്ക്ക് സമീപം ചെടിച്ചട്ടികൾ സ്ഥാപിച്ചു.
രണ്ടാംഘട്ടത്തിൽ വൻകുളത്തുവയൽമുതൽ ഓലാടത്താഴവരെ റോഡിനിരുവശവും കോൺക്രീറ്റ് നടപ്പാത നിർമിക്കും. ലൈറ്റുകൾ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. മൂന്നാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൻകുളത്തുവയൽ മുതൽ പൂതപ്പാറവരെ കോൺക്രീറ്റ് നടപ്പാത ഒരുക്കും.
ചടങ്ങിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി അജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, വൈസ് പ്രസിഡൻറ് അബ്ദുൽനിസാർ വായിപറമ്പ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ റീന, സ്ഥിരം സമിതി അധ്യക്ഷരായ കെ ഗിരീഷ് കുമാർ, ടി മുഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പ്രസീത, ബ്ലോക്ക് പഞ്ചായത്ത് അംഗം സിഎച്ച് സജീവൻ, അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ െക മഹിജ, സ്‌കൂൾ ലീഡർ മയൂഖ, അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇപി അബ്ദുള്ള, വെ വി ഉഷ, പി രഘുനാഥ്, ടിഎം മോഹനൻ, കെപി മുഹമ്മദ് ഹാരിസ്, പിവി അരുണാക്ഷൻ എന്നിവർ സംസാരിച്ചു.