എ-ഹെൽപ് കിറ്റുകൾ വിതരണം ചെയ്തു
മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള വളന്റിയർമാരായി കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന എ-ഹെൽപ് പദ്ധതിയിൽ പരിശീലനം ലഭിച്ച കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ 58 പേർക്ക് ഫീൽഡ് തല പ്രവർത്തനങ്ങൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. മൃഗാശുപത്രികൾ നടത്തുന്ന സർവ്വേകൾ, ഇൻഷൂറൻസ്, കന്നുകാലികളിലെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തൽ, പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുടെ സംഘാടനം, കർഷക ബോധവത്കരണം, ഇയർ ടാഗിംഗ്, രോഗങ്ങൾ റിപ്പോർട്ട് ചെയ്യൽ, തെരുവുനായ നിയന്ത്രണം, പേവിഷബാധ നിയന്ത്രണം എന്നിവയാണ് എ-ഹെൽപ് വളണ്ടിയർമാരുടെ പ്രവർത്തനം. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫിസർ ഡോ. ഒ എം അജിത ഉദ്ഘാടനവും കിറ്റുകളുടെ വിതരണവും നിർവ്വഹിച്ചു. ഫിൽഡ് ഓഫീസർ സുധി കെ അധ്യക്ഷത വഹിച്ചു. ഡോ. കെ ചന്ദ്രശേഖരൻ ക്ലാസെടുത്തു. രജീഷ് പള്ളിപ്രത്ത്, കുടുംബശ്രീ കോ-ഓർഡിനേറ്റർമാരായ സ്മിഷ, ജിജി എന്നിവർ പ്രസംഗിച്ചു.