ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടിക പ്രചരിക്കുന്നതിൽ പങ്കില്ല: കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ
കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയിൽ വിശദീകരണവുമായി ഭാരവാഹികള്‍. വില കൂട്ടലും പട്ടിക തയ്യാറാക്കലും അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന് വിഷയം ഗൗരവത്തിലെടുത്തത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി അസോസിയേഷന് പറഞ്ഞു.
ഓരോ ഹോട്ടലിന്റെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അതുനിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയും വച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നുമുണ്ട്- ഭാരവാഹികള്‍ പറഞ്ഞു.