സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സിപിഎം തീരുമാനം വിചിത്രം; പ്രതിപക്ഷനേതാവ് വി ഡി സതീശൻ
സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം വളരെ വിചിത്രമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ടി കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞതിൽ തന്നെ സർക്കാർ തെറ്റ് സമ്മതിച്ചു.എന്തിൻ്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. നൂറിലധികം ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിന്റെ അവസാന നാളുകളിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നത്. ആറര ലക്ഷം സ്ക്വയര്‍ ഫീറ്റ് ഐടി ടവറാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി സ്മാർട്ട് സിറ്റിയ്ക്ക് എന്താണ് സംഭവിച്ചത്, ഇതിൽ ദുരൂഹതകളുണ്ട്. 248 ഏക്കർ ഭൂമിയാണ് അവിടെ ഉള്ളത്, പിന്നിൽ ഭൂമി കച്ചവടമാണ് നടക്കുന്നത്. പദ്ധതി എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഉത്തരം പറയേണ്ട ഉത്തരവാദിത്വം സർക്കാരിനാണ് ഉള്ളത്.