ലൈംഗികാതിക്രമ കേസ്: ഇടവേള ബാബുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

0

ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് നടക്കാവ് പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസ് റദ്ദാക്കണമെന്നാണ് ഇടവേള ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്.

സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും പരാതിക്കാരി പറയുന്നു. എറണാകുളം നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

ലൈംഗികാതിക്രമ കേസില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തെളിവുകള്‍ പരിശോധിച്ചതിന് ശേഷമായിരുന്നു മുന്‍കൂര്‍ ജാമ്യം. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട സമയത്ത് ചില പേജുകള്‍ പുറത്ത് വിടാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിവരാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. സാംസ്‌കാരിക വകുപ്പ് വിശദീകരണം തള്ളിയ വിവരാവകാശ കമ്മീഷന്‍ എസ്പിഒയെ ശാസിക്കുകയും ചെയ്തു.

പുറത്തുവിടാത്ത പേജുകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ച 11 ഖണ്ഡികകള്‍ ഒഴിവാക്കിയത് തെറ്റെന്നും കമ്മീഷന്‍ കണ്ടെത്തി. റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിന്റെ പരാതിയിലായിരുന്നു വിവരാവകാശ കമ്മീഷണറുടെ നടപടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *