ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്ന് പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ എന്നിവർ ചേർന്ന് നടത്തിയ ബല പരിശോധന റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ പൊളിച്ചു നീക്കണമെന്നും നിർദേശമുണ്ട്.എന്നാൽ സർക്കാർ രാഷ്ട്രീയ പ്രതികാരം നടത്തുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. നേരത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയാത്ത ബലക്ഷയം ഇപ്പോൾ എങ്ങനെ ഉണ്ടായെന്നും തിരുവഞ്ചൂർ ചോദിച്ചു. രാഷ്ട്രീയ വിരോധം വെച്ച് ആകാശപ്പാത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഊരാളുങ്കലിന് ഇത് കൈമാറുമോ എന്ന് ആരാഞ്ഞിരുന്നു.
ആകാശപ്പാതയുടെ പേര് മാറ്റാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതിച്ചിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകുമായിരുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. ആകാശപ്പാതയുമായി ബന്ധപ്പെട്ട് സമാനമനസ്കരുടെ അഭിപ്രായം കേട്ടതിനുശേഷം മുന്നോട്ടുപോകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.കോട്ടയത്തെ ആകാശപ്പാതയുടെ നിർമ്മാണ വൈകല്യത്തിന് ഉത്തരവാദി എംഎൽഎയാണെന്നും ആ പാപഭാരം ആരുടെയും തലയിൽ വെക്കേണ്ടതില്ലെന്നും സിപിഐഎം നേതാവ് കെ അനിൽകുമാറും പ്രതികരിച്ചു.