അസാധാരണ വൈകല്യത്തെ തുടർന്നുള്ള ജനനം: അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന് തീരുമാനം
ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തെ തുടർന്നുള്ള അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന് തീരുമാനം. ഇതേ തുടർന്ന് ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിയും ജില്ലാതല അന്വേഷണ സമിതിയുമായിരുന്നു അന്വേഷണത്തിനായി മുൻപ് ഉണ്ടായിരുന്നത്. ഇതിൽ വിദഗ്ധ സമിതി മാത്രമാണ് ഇനി അന്വേഷണം നടത്തുക. രണ്ട് സമിതികൾ വ്യത്യസ്ത റിപ്പോർട്ടുകൾ സമർപ്പിച്ചാൽ വിവാദമുണ്ടാകും എന്ന കാരണത്താലാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. തെളിവുകൾ ശേഖരിക്കാൻ സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് പോലീസ് നിർദ്ദേശം നൽകി.