നവജാത ശിശുവിന് അസാധാരണ വൈകല്യം; ആരോഗ്യ വകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും
അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും.
നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിൻറെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല.മലർത്തികിടത്തിയാൽ കുഞ്ഞിൻറെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആലപ്പുഴ കടപ്പുറത്തെ സർക്കാർ വനിതാ ശിശു ആശുപത്രിക്കെതിരെയും നഗരത്തിലെ മിഡാസ് ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് ഗുരുതരാരോപണം. ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ രാവിലെ രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസെടുത്തു.
സംഭവത്തിൽ ആലപ്പുഴ DYSP എംആർ മധു ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ ആരോഗ്യ വിഭാഗം ഡയറക്ടർ ആലപ്പുഴ ഡിഎംഒ ജമുനാ വർഗീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കടപ്പുറം വനിത ശിശു ആശുപത്രിയിലെ സൂപ്രണ്ട് സമർപ്പിക്കുന്ന പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് ഡിഎംഒ കൈമാറും.