ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
ഝാർഖണ്ഡിന്റെ 14-ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.റാഞ്ചിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ചടങ്ങില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിൻ , പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു, എ എ പി നേതാവ് അരവിന്ദ് കെജ്രിവാള്, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് മെഹബൂബ മുഫ്തി, തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ആണ് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഇത് നാലാം തവണയാണ് ഹേമന്ത് സോറൻ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറന് അധികാരത്തിലെത്തിയത്. 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 56 ഇടത്താണ് ഇന്ത്യ മുന്നണി വിജയം നേടിയത്.