പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: വീണ്ടും പരാതിയുമായി യുവതി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ രാഹുൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിൽ. രാഹുലിനെതിരെ വീണ്ടും പരാതി നല്‍കിയത് യുവതി തന്നെയാണ്. പന്തീരാങ്കാവ് പൊലീസിലാണ് പരാതി നല്‍കിയത്. ഇന്നലെ രാത്രിയാണ് യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തി യുവതിയോട് സംസാരിച്ച ശേഷമാണ് പരാതി നല്‍കിയത്. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞാണ് മര്‍ദ്ദനമെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നത്. മര്‍ദ്ദനമേറ്റ യുവതിയെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ തന്നെയായിരുന്നു ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയിരുന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്.