ആത്മകഥാ വിവാദം; പബ്ലിക്കേഷന്‍സ് വിഭാഗം മാനേജരെ ഡി.സി ബുക്‌സ് സസ്‌പെന്‍ഡ് ചെയ്തു

0

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സില്‍ അച്ചടക്ക നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം ഡി സി രവിയുടെ മൊഴി രേഖപ്പെടുത്തിയ സംഭവത്തില്‍ വരുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഡിസി ബുക്‌സ് രംഗത്തെത്തിയിരുന്നു. കരാര്‍ ഇല്ലെന്ന് മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡി സി ബുക്‌സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടായിരുന്നു എന്ന സൂചനയും ഡി സി ബുക്‌സ് പോസ്റ്റിലൂടെ പങ്കുവെക്കുന്നുണ്ട്. ചില മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരിഹതമാണ്. അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ഡി സി ബുക്‌സ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും ഡിസി ബുക്‌സ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇ പി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത് അദ്ദേഹം എഴുതിയതല്ലെന്നും, ആത്മകഥയെന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു എന്ന് ആരോപിച്ചുമാണ് പരാതി നല്‍കിയത്. വിഷയത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദേശം നല്‍കുകയും ചെയ്തു. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് വിഷയത്തില്‍ നടക്കുന്നത്. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

About The Author

Leave a Reply

Your email address will not be published. Required fields are marked *