കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു
കൊച്ചി കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ നഗരസഭ ഒഴിപ്പിച്ചു. കര്‍ണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോകാന്‍ നഗരസഭ ഇവര്‍ക്ക് രണ്ടുദിവസത്തെ സമയം നല്‍കിയിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് താഴെ 30 ഓളം പേരാണ് ഷെഡ് കെട്ടി താമസിച്ചിരുന്നത്. ഇവര്‍ക്കിടയില്‍ നിന്നാണ് കുറുവ സംഘത്തെ പൊലീസ് പിടി കൂടിയത്.
ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഭീതി പരത്തി കവര്‍ച്ച നടത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ സംഘത്തിലെ പ്രധാനിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുണ്ടന്നൂരില്‍ നിന്നും പൊലീസ് പിടികൂടിയ സന്തോഷ് ശെല്‍വം തന്നെയാണ് മണ്ണഞ്ചേരിയിലും പരിസരത്തും കവര്‍ച്ച നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കുണ്ടന്നൂര്‍ പാലത്തിനടിയില്‍ കുട്ടവഞ്ചിക്കാര്‍ തമ്പടിച്ചിരുന്നു. ഇവര്‍ക്കൊപ്പം കടന്നു കൂടിയിരിക്കുകയായിരുന്നു പ്രതികള്‍. അടവിടെനിന്നും കുറുവ സംഘത്തിലെ 2 പേരെ കുടി അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.
സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദന് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികള്‍ക്കുമെതിരെ 9 മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ഭാര്യമാര്‍ വഴിയാണ് ഇരുവര്‍ക്കും കുറുവ ബന്ധമുള്ളതെന്ന് പൊലീസ് അറിയിച്ചു.