ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്.മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.കൂടെ താമസിച്ചവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവര്‍ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.ഈ ദിവസങ്ങളില്‍ ഷാമില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. കൂട്ടുകാരെത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.മൃതദേഹം ജീര്‍ണിച്ച സ്ഥിതിയിലായിരുന്നു.
രാജനകുണ്ഡെ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം അംബേദ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ്: വഹീത, സഹോദരങ്ങള്‍: അഫ്രീന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്