വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ്, എൽ.ഡി.എഫ് ഹർത്താൽ
കേന്ദ്ര അവഗണനക്കെതിരെ നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും. നവംബർ 19 ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷേധാത്മക മറുപടിയാണ് ലഭിച്ചിരിക്കുന്നത്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക കേന്ദ്ര സഹായമൊന്നും കിട്ടില്ലെന്നും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തിൽ വ്യക്തമാക്കുകയായിരുന്നു.