കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു

0

കണ്ണൂർ, കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘത്തിലെ 14 പേരാണ് അപകട സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. വനിതാ മെസ്സ് എന്ന പേരിലുള്ള നാടകം അവതരിപ്പിച്ച് രാത്രിയിൽ കണ്ണൂർ, കടന്നപ്പള്ളിയിൽ നിന്ന് വയനാട് ബത്തേരിയിലേക്ക് പോകും വഴി പുലർച്ചെയായിരുന്നു അപകടം. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം ഗതാഗതം നിരോധിച്ച നെടുംപൊയിൽ ചുരം പാതയിലേക്ക് പ്രവേശിച്ചു. ഏറെ ദൂരം മുന്നോട്ടു പോയ ശേഷമാണ് റോഡ് അടച്ചത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ വീട്ടിൽ കയറി ചോദിച്ചപ്പോൾ നിർദ്ദേശിച്ച ഇടുങ്ങിയ പാത തുടർ യാത്രയ്ക്ക് തിരഞ്ഞെടുത്തു. മലയാംപടി റോഡിലെ കുത്തനെയുള്ള ഇറക്കവും കൊടും വളവും, വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ വാഹനം മരത്തിൽ തങ്ങിയാണ് നിന്നത്.അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *