വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ഫേസ് ആപ്പ് മസ്റ്ററിങ് കണ്ണൂർ താലൂക്കിൽ 14 മുതൽ

റേഷൻ കടകളിലെ ഇ പോസ് മെഷീൻ മുഖേന മസ്റ്ററിങ് നടത്താൻ സാധിക്കാത്ത എഎവൈ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക് കാർഡ്) അംഗങ്ങൾക്കായി പൊതുവിതരണ വകുപ്പ് ഫേസ് ആപ്പ് തയ്യാറാക്കി. ഫേസ് ആപ്പ് മസ്റ്ററിങ് നടത്തുന്നതിന് വേണ്ടി കണ്ണൂർ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ, സാംസ്‌കാരിക നിലയം എളയാവൂർ സോണൽ നവംബർ 14, കണ്ണൂർ കോർപ്പറേഷൻ, എടക്കാട് സോണൽ, സാംസ്‌കാരിക നിലയം തോട്ടട നവംബർ 16, കണ്ണൂർ കോർപ്പറേഷൻ, മുസ്ലീം ജമാ അത്ത് ഹാൾ നവംബർ 18, കണ്ണൂർ കോർപ്പറേഷൻ ചേലോറ സോണൽ, കാപ്പാട് 68-ാം നമ്പർ റേഷൻ കടക്ക് സമീപം നവംബർ 16, വളപട്ടണം പഞ്ചായത്ത് നവംബർ 15, അഴീക്കോട് പഞ്ചായത്ത് നവംബർ 16, ചിറക്കൽ പഞ്ചായത്ത് നവംബർ 15, മുഴപ്പിലങ്ങാട് പഞ്ചായത്ത് നവംബർ 18, പെരളശ്ശേരി പഞ്ചായത്ത് നവംബർ 18, കടമ്പൂർ പഞ്ചായത്ത് നവംബർ 20, മുണ്ടേരി പഞ്ചായത്ത് നവംബർ 19, നാറാത്ത് പഞ്ചായത്ത്, നാറാത്ത് 164-ാം നമ്പർ റേഷൻ കടക്ക് സമീപം നവംബർ 18, കല്ല്യാശ്ശേരി പഞ്ചായത്ത് നവംബർ 21, മാട്ടൂൽ പഞ്ചായത്ത് നവംബർ 16, പാപ്പിനിശ്ശേരി പഞ്ചായത്ത് നവംബർ 19, ചെറുകുന്ന് പഞ്ചായത്ത് നവംബർ 20, കണ്ണപുരം പഞ്ചായത്ത് നവംബർ 21 എന്നീ സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ഫേസ് ആപ്പ് മസ്റ്ററിംഗ്. ചെമ്പിലോട് പഞ്ചായത്ത് നവംബർ 20, അഞ്ചരക്കണ്ടി പഞ്ചായത്ത്, കാവിന്മൂല വയോജന വിശ്രമ കേന്ദ്രം നവംബർ 18 എന്നീ സ്ഥലങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെയും മസ്റ്ററിങ് നടക്കും. മസ്റ്ററിങ് ചെയ്യാത്ത എഎവൈ മുൻഗണന കാർഡുകളിലെ മുഴുവൻ അംഗങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അറിയിച്ചു.

മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ എം വിജിൻ എംഎൽഎ നിർവഹിക്കും

കല്യാശ്ശേരി മണ്ഡലം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നവംബർ 14 ന് വൈകീട്ട് ആറ് മണിക്ക് പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപവും 6.30ന് കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തും നടക്കുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു.

ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് രാഗലയം ഉദ്ഘാടനം 14ന്

സമഗ്രശിക്ഷാ കേരളം ജില്ലാ സ്പെസിഫിക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയായ രാഗലയം സംഗീത ട്രൂപ്പിന്റെ ഉദ്ഘാടനം നവംബർ 14ന് രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ഇൻക്ലൂസീവ് സ്പോർട്സിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കും. എംപിമാരായ വി ശിവദാസൻ, പി സന്തോഷ് കുമാർ, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. കെ കെ രത്നകുമാരി, കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ്ബാബു എളയാവൂർ എന്നിവർ സംബന്ധിക്കും.
ജില്ലയിലെ സംഗീത അധ്യാപകരുടെയും സ്പെഷ്യൽ എജുക്കേറ്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടത്തിയത്. ഭിന്നശേഷി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ ബിആർസികളിൽ നിന്ന് സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് രാഗലയം ട്രൂപ്പ് രൂപീകരിച്ചത്. ജില്ലയിലെ സ്പെഷ്യൽ എജുക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ട്രെയിനർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രൂപ്പിന്റെ സംഘാടനം. ഇത് ഭിന്നശേഷി കുട്ടികളിൽ ഉണ്ടാക്കിയ മാറ്റം രക്ഷിതാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 2024-25 വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാഗലയം ട്രൂപ്പ് ഒരുക്കിയ സംഗീത വിരുന്ന് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

അധ്യാപക ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ ഒഴിവുള്ള സംസ്‌കൃത (ന്യായം) അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസറായി നിയമനം നടത്തുന്നതിന് നവംബർ 22ന് രാവിലെ 11 ന് പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസി. പ്രൊഫസറായി നിയമനം നേടാനുള്ള യോഗ്യതകൾ ഉണ്ടാകണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പിജി നേടിയ അപേക്ഷകരെ പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.  ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാണം. ഫോൺ: 0497 2800167

സൗജന്യ കോഴ്സ്

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ ഫുഡ് സ്‌റ്റൈലിങ് ഫോട്ടോഗ്രാഫി ഹ്രസ്വകാല സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 45 വയസ്സ്. ഫോൺ: 7907413206, 8547731530

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 2024 ജൂൺ 20ന്  നടന്ന ഒഎംആർ പരീക്ഷയിൽ (കാറ്റഗറി നം.304/2023) യോഗ്യത നേടിയവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ദുരന്തനിവാരണ പരിശീലന ക്ലാസ് 

ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലന ക്ലാസ് പ്രസിഡണ്ട് കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പ്രസീത അധ്യക്ഷയായി. കണ്ണൂർ സീനിയർ ഫയർ ആൻഡ് ഓഫീസർ അഫ്സൽ ക്ലാസെടുത്തു.
ജില്ലാ ദുരന്തനിവാരണ പദ്ധതി കോ ഓർഡിനേറ്റർ സി തസ്ലീം ഫാസിൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ രതീശൻ, പി എം ബിന്ദു, സൗമ്യ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

ഗാർഹിക കുടിവെള്ള കണക്ഷൻ

കണ്ണൂർ കോർപ്പറേഷനിലെ കണ്ണൂർ ഓൾഡ് മുനിസിപ്പൽ ഏരിയ, പള്ളിക്കുന്ന് സോൺ, പുഴാതി സോൺ എന്നീ പ്രദേശങ്ങളിൽ അമൃത് പദ്ധതിയിൽപെടുത്തി ഗാർഹിക കുടിവെള്ള കണക്ഷനുകൾ ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് താണയിലെ കേരള വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04972707080

പരിശീലന പരിപാടി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  നവംബർ 19 മുതൽ 23 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ www.kied.info/training-calender/ ൽ നവംബർ 14 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 04842550322, 9188922785.

ഹിയറിംഗ് 21ന്

ഇരിട്ടി തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് നവംബർ 21ന് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഡിഎം), കലക്ട്രേറ്റ് കണ്ണൂർ അറിയിച്ചു.

ദേശീയ സീനിയർ ഫെൻസിങ്: 

ലോഗോ ക്ഷണിച്ചു

2024 ഡിസമ്പർ 31 മുതൽ 2025 ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് ലോഗോ ക്ഷണിച്ചു. നവംബർ 21 ന് മുമ്പായി vppavithranmaster@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കുക.

സ്‌ക്രീനിംഗ് ക്യാമ്പ്

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവംബർ 20, 21, 22 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ നേത്ര വിഭാഗത്തിൽ ഡയബെറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ് ക്യാമ്പ് ഉണ്ടാകും. രജിസ്‌ട്രേഷൻ ഫോൺ: 8590976859

ഉപന്യാസ, ചിത്ര രചന മത്സരം

വൈദ്യുതി സുരക്ഷ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ജില്ലാതല ഉപന്യാസ, ചിത്ര രചനമത്സരങ്ങൾ നവംബർ 24ന് രാവിലെ 9.30 മുതൽ കണ്ണൂർ ഗവ. വിഎച്ച്എസ്എസിൽ (സ്‌പോർട്‌സ്) നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം നവംബർ 22ന് വൈകീട്ട് അഞ്ചിനകം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ അറിയിക്കണം.  ഫോൺ: 04972 999201

ന്യായവേതനം പുതുക്കി നിശ്ചയിക്കൽ  

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം  നവംബർ 15 ന് രാവിലെ 11 മണിക്ക് കണ്ണൂർ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽചേരും. ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ  ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (ഇ) കണ്ണൂർ അറിയിച്ചു.

പ്രമേഹദിന ക്യാമ്പയിൻ മധുര നൊമ്പരം 14ന് തുടങ്ങും

ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ജില്ല ആരോഗ്യ വകുപ്പ് നവംബർ 14 മുതൽ ഒരാഴ്ച ‘മധുര നൊമ്പരം’ ക്യാമ്പയിൻ നടത്തും. പ്രമേഹ പരിശോധന ക്യാമ്പുകളും അവബോധ പ്രവർത്തനങ്ങളും നടത്തുമെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ വർഷവും  നവംബർ 14നാണ് ലോക പ്രമേഹ ദിനം ആചരിക്കുന്നത്. ‘തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം’ എന്നതാണ് ഇത്തവണത്തെ പ്രമേഹ ദിന സന്ദേശം.

എന്താണ് പ്രമേഹം
രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ അല്ലെങ്കിൽ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്തപ്പോഴാണ് പ്രമേഹം ഉണ്ടാവുക.
പ്രമേഹം  ഒഴിവാക്കാൻ പാലിക്കേണ്ട ശീലങ്ങൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുക, പച്ചക്കറികളും ഇലക്കറികളും നിറയെ ഭക്ഷണത്തിൽ ഉൾപെടുത്തുക, ഭക്ഷ്യപദാർത്ഥങ്ങൾ വളരെ കുറച്ച് എണ്ണ മാത്രം ഉപയോഗിച്ച് പാകം ചെയ്യുക, സ്ഥിരമായി വ്യായാമ മുറകൾ പാലിക്കുക, പുകവലി, മദ്യപാനം മുതലായ അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുക.
പ്രമേഹം വരാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: 
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളായ ഐസ് ക്രീം, കേക്ക്, മധുര പലഹാരങ്ങൾ, മിഠായി എന്നിവ, കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണ വസ്തുക്കൾ.

ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും കുട്ടികളുടെ ഹരിതസഭ ചേരും. പുതുതലമുറയ്ക്ക് മാലിന്യസംസ്‌കരണത്തെ കുറിച്ച് അവബോധമുണ്ടാക്കാനും അവരുടെ ആശയങ്ങളും കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഹരിത സഭ ചേരുന്നത്. ഹരിത സഭയുടെ ജില്ലാതല ഉദ്ഘാടനം മട്ടന്നൂർ നഗരസഭയിലെ പൊറോറ എംസിഎഫിൽ ജില്ലാ കളക്ടർ അരുൺ വിജയൻ നിർവ്വഹിക്കും.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഹരിതസഭയുടെ ഭാഗമാകും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിത സഭകൾ നടക്കും. ഒരു ഹരിത സഭയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്‌കൂളുകൾക്കും പ്രാതിനിധ്യം നൽകി, തെരഞ്ഞെടുക്കുന്ന 150 മുതൽ 200 കുട്ടികളാണ് പങ്കെടുക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *