ലഹരി വിമുക്ത കണ്ണൂർ: ജയിൽ അന്തേവാസികൾക്ക് ബോധവത്കരണം നൽകി
സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജയിൽ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജയിൽ അന്തേവാസികൾക്കായി ലഹരി വിമുക്ത കണ്ണൂർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ ആർ.എൽ ബൈജു ഉദ്ഘാടനം ചെയ്തു. ജീവിതം ലഹരിയായി എടുക്കുമ്പോൾ മറ്റ് ലഹരി പദാർത്ഥങ്ങൾ അപ്രസക്തമാകുമെന്ന് ജില്ലാ ജഡ്ജ് പറഞ്ഞു. ലഹരി ഉപയോഗം സ്വയം വിചാരിച്ചാൽ മാറും. കൃത്രിമ ലഹരി ഉപയോഗിക്കാതെ നമ്മുടെ ഉള്ളിൽ തന്നെയുള്ള മായം ചേർക്കാത്ത ലഹരി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിപാടിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡി ദിനേഷ് ബാബു അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.ബിജു മുഖ്യാതിഥിയായി. ജില്ലാ പ്രൊബേഷൻ ഓഫീസർ ശ്രീനാഥ് എൻ കൂറ്റമ്പിള്ളി, സെൻട്രൽ ജയിൽ വെൽഫയർ ഓഫീസർ ഗ്രേഡ് വൺ ടി രാജേഷ് കുമാർ, വെൽഫയർ ഓഫീസർ സി. ഹനീഫ, പ്രൊബേഷൻ അസിസ്റ്റന്റ് കെ. ജ്യോതി, ജയിൽ സ്‌കൂൾ അധ്യാപകരായ ഫവാസ് മുഹമ്മദ്, ആർ രാകേഷ് എന്നിവർ സംസാരിച്ചു.
തലശ്ശേരി പ്രതീക്ഷ ഐ ആർ സി എ കൗൺസിലർമാരായ അരുൺ കുര്യാക്കോസ്, ജെറിൻ വർഗീസ് എന്നിവർ ലഹരി വിമോചനം-വ്യക്തിത്വ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ അന്തേവാസികൾക്ക് ക്ലാസെടുത്തു.