ഭരണ നിർവഹണത്തിൽ ജനങ്ങളുടെ ഭാഷ ഉപയോഗിക്കണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

0
ഭരണ നിർവഹണത്തിൽ ജനങ്ങളുടെ ഭാഷ ഉപയോഗിക്കണമെന്നും ആശയവിനിമയത്തിൽ ഭാഷ തടസ്സമാകരുതെന്നും രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനത്തിലും ഭാഷാ പ്രയോഗത്തിലും മലയാളത്തിന്റെ ഉപയോഗം കൂട്ടണമെന്നും മലയാള വാക്കുകൾ പ്രയോഗിക്കുന്നത് ഒരു കുറച്ചിലായി കാണരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ ശക്തി സ്രോതസ്സായ ജനങ്ങളുടെ ഹൃദയത്തെ മനസ്സിലാക്കാൻ മാതൃഭാഷക്ക് സാധിക്കും. ആശയങ്ങളെ പ്രകാശിപ്പിക്കാൻ മാതൃഭാഷ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായിരുന്നു. ഭരണഭാഷ പൂർണമായും മാതൃഭാഷയായ മലയാളത്തിലായിരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. കേരളം രൂപവത്കരിച്ചതു മുതൽ ഈ ഉദ്ദേശ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടർ പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഇ സവിത ‘മലയാളത്തിന്റെ ഭരണഭാഷാ പദവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മെച്ചപ്പെട്ട ഭരണത്തിനും സാമൂഹിക വികസനത്തിനും മാതൃഭാഷക്ക് വ്യക്തമായ പങ്കുണ്ടെന്ന് അവർ പറഞ്ഞു. ഭരണത്തെ ജനപക്ഷമാക്കുന്നതിനുള്ള മാർഗമാണ് മാതൃഭാഷ. ഭരണഭാഷ മാതൃഭാഷയാകുന്നതിന് സാമൂഹിക പ്രാധാന്യം കൂടിയുണ്ട്. ഔദ്യോഗിക കാര്യങ്ങൾ ജനങ്ങളെ അറിയിക്കുവാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും മാതൃഭാഷയിലൂടെ സാധിക്കുക എന്നത് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഡോ. ഇ സവിത വ്യക്തമാക്കി.

സംസ്ഥാന ഭരണഭാഷ പുരസ്‌കാര ജേതാവ് ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) സീനിയർ സൂപ്രണ്ട് പി.കെ വിദ്യ, ജില്ലാതല ഭരണഭാഷ പുരസ്‌കാര വിജയികളായ ഇരിട്ടി താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് മനോജ് കുമാർ തേരാടി, തലശ്ശേരി രജിസ്ട്രാർ ഓഫീസ് സീനിയർ ക്ലർക്ക് കെ.പി പ്രേമരാജൻ എന്നിവരെ ‘സദ്‌സേവനാരേഖ’ നൽകി മന്ത്രി ആദരിച്ചു. ‘എന്റെ മലയാളം’ ജില്ലാതല ഉപന്യാസ മത്സര വിജയികളായ കെ.കെ രഞ്ജന (ഐ പി.പി എൽ കോളേജ് കരിമ്പം) അനുശ്രീ (കാലിക്കറ്റ് സർവ്വകലാശാല), എൻ അശ്വന്ത് വിശ്വനാഥ് (തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിങ്) എന്നിവരും മത്സരത്തിൽ പങ്കെടുത്തവരും മന്ത്രിയിൽ നിന്നും പുരസ്‌കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
കണ്ണൂർ പിആർഡി ചേംബറിൽ നടന്ന പരിപാടിയിൽ കണ്ണൂർ എഡിഎം സി പദ്മചന്ദ്ര കുറുപ്പ്, ഐ ആൻഡ് പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പദ്മനാഭൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, ജില്ലാ സപ്ലൈ ഓഫീസർ ഇ.കെ പ്രകാശൻ, ജില്ലാ ലോട്ടറി ഓഫീസർ കെ ഹരീഷ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ കെ ബാലചന്ദ്രൻ, സ്യൂട്ട്സെൽ സീനിയർ സൂപ്രണ്ട് വി.ഇ ഷെർലി, ഇരിട്ടി താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് മനോജ് കുമാർ തേരാടി, ഉപന്യാസ മത്സര വിജയി കെ.കെ രഞ്ജന എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *