ചക്കരക്കൽ ടൗണിലേക്ക് കേബിൾ സ്ഥാപിക്കും
കാഞ്ഞിരോട് നിന്നും പാറോത്തുംചാൽ, തലമുണ്ട ചൂള റോഡ് വഴി ചക്കരക്കൽ ടൗണിലേക്ക് കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ടെണ്ടർ ചെയ്യുമെന്നും അടുത്ത മാർച്ചോടു കൂടി കമ്മീഷൻ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ചക്കരക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എ സി അബ്ദുൽ നാസർ അറിയിച്ചു. വൈദ്യുതി ബോർഡിന്റെ സമ്മർ 2025 പദ്ധതിയിൽ പെടുത്തി 2,95,85,765 രൂപയുടെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
കാഞ്ഞിരോട് 220 കെ വി സബ് സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ നീളത്തിൽ 11 കെ വിയുടെ രണ്ട് ഭൂഗർഭ കേബിളുകളാണ് സ്ഥാപിക്കുന്നത്. ഇതോടെ വൈദ്യുതി വിതരണം കൂടുതൽ തടസ്സരഹിതമാകും. നിലവിൽ ചക്കരക്കൽ സെക്ഷനിലേക്ക് കാഞ്ഞിരോട് നിന്നുള്ള ചൂള, അഞ്ചരക്കണ്ടി, കീഴല്ലൂർ, ഏച്ചൂർ എന്നീ ഫീഡറുകൾ വഴിയാണ് വൈദ്യുതി വിതരണം. മട്ടന്നൂർ എയർപോർട്ട്, പെരളശ്ശേരി, തലവിൽ വരെ ഫീഡ് ചെയ്യുന്നതിനാൽ ഇവയിൽ വൈദ്യുത തടസ്സം കൂടുതലാണ്. വേനൽ ചൂട് ആവർത്തിക്കുകയാണെങ്കിൽ ഈ ഫീഡറുകൾ പോരാതെ വരുമെന്നത് മുൻകൂട്ടി കണ്ടാണ് പുതിയ രണ്ടു ഫീഡറുകൾ അനുവദിച്ചത്.