‘പറഞ്ഞത് സദുദ്ദേശ്യത്തോടെ, നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് തന്നെയാണ് എന്റെയും ആഗ്രഹം’; പ്രതികരിച്ച് പി പി ദിവ്യ
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലിന് പുറത്തിറങ്ങി. നവീന്‍ ബാബുവിന്റെ മരണത്തില്‍ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസില്‍ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. നവീന്റെ മരണത്തിന് ശേഷം ആദ്യമായാണ് ദിവ്യ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
താന്‍ നിയമത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പി പി ദിവ്യ പറഞ്ഞു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൊതുപ്രവര്‍ത്തന രംഗത്ത് തന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. 14 വര്‍ഷക്കാലം ജനപ്രതിനിധിയായിരുന്നിട്ടുണ്ട്. വ്യത്യസത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ ഉള്‍പ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുമായി താന്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരുമായി നല്ല രീതിയില്‍ സഹകരിച്ചുപോകുന്ന ഒരാളാണ് താന്‍. സദുദ്ദേശപരമായാണ് എപ്പോഴും സംസാരിക്കാറെന്ന് ദിവ്യ ആവര്‍ത്തിച്ചു. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ കൃത്യമായ അന്വേഷണം നടക്കണമെന്ന് താനും ആഗ്രഹിക്കുന്നു. അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും ദിവ്യ വ്യക്തമാക്കി.
സ്ത്രീയെന്ന പരിഗണന പ്രതിക്ക് നല്‍കുന്നതായി വ്യക്തമാക്കിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നല്‍കാമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായി കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.
ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണന. പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായി കോടതി. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിപി ദിവ്യക്ക് ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോടതി പറയുന്നു. പൊതുപ്രവര്‍ത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസഹകരിക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.