ബഹിരാകാശ യാത്രിക സുനിത വില്യംസിൻ്റെ ആരോഗ്യനില തൃപ്തികരം; ആശ്വാസകരമായ വാര്‍ത്തയുമായി നാസ
ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിൻ്റെയും മറ്റ് ബഹിരാകാശ യാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാസ. നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ ആണ് ബഹിരാകാശ യാത്രികരുടെ ആരോഗ്യനില സംബന്ധിച്ച് സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശ നിലയത്തിലെ യാത്രികരുടെ പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയപ്പോഴാണ് ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ യാത്രികരുടെ ആരോഗ്യനില പരിശോധിച്ച് തൃപ്തികരം എന്ന് വിലയിരുത്തിയിരിക്കുന്നതെന്ന് അമേരിക്കയിലെ ഡെയ്‌ലി മെയിൽ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജിമിയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്. നേരത്തെ പുറത്തു വന്ന ബഹിരാകാശ നിലയത്തിലെ വീഡിയോയിൽ സുനിതയുടെ ഭാരം കുറഞ്ഞതായും കാണാമായിരുന്നു. എന്നാൽ, ഇത് ആരോഗ്യപ്രശ്നത്തിൻ്റേതല്ലെന്ന് സ്ഥിരീകരിക്കുന്നതാണ് നാസയുടെ പുതിയ വിലയിരുത്തൽ. സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിലേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിൻ്റെ സ്പേസ് എക്സിൻ്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം.