കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും
തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്നതിനാൽ വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയിരുന്നു. പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാവരും രാവിലെ ക്ഷേത്രത്തിൽ എത്തും.
വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രത്തിലെത്തും.
അതിനിടെ കല്‍പ്പാത്തി രഥോത്സവം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തും. കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പോലീസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശം നല്‍കി.
ഗതാഗതനിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.