പുതിയ ജീവിത നൈപുണികൾ കുട്ടികളെ പഠിപ്പിക്കണം: ബാലാവകാശ കമ്മീഷൻ
പുതിയ ജീവിത നൈപുണികൾ കുട്ടികളെ പഠിപ്പിക്കണമെന്നും ഓരോ കുട്ടിയേയും കഴിവിനനുസൃതമായി വളർത്തിയെടുത്താൽ അവർ സമൂഹത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ പറഞ്ഞു. ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന പരീശീലന പരിപാടി കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി ‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ എന്ന പദ്ധതിയുമായി ബാലാവകാശ കമ്മീഷൻ മുന്നോട്ട് പോകുകയാണ്.
കുടുംബകോടതികളിൽ കേസിൽ ഉൾപ്പെട്ടവരുടെ കുട്ടികളെക്കുറിച്ച് പഠനം നടത്തുന്നു. അവരുടെ മാനസികാവസ്ഥ, കൗൺസലിംഗ് സൗകര്യം തുടങ്ങിയവ പരിശോധിക്കും-ചെയർപേഴ്സൺ പറഞ്ഞു.
ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങൾ, ചൂഷണങ്ങൾ മുതലായവ തടയുക, ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 180 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ജില്ലാതല റിസോഴ്സ് പേഴ്സൺ പൂൾ രൂപീകരിക്കും.
ഉത്തരവാദിത്ത പൂർണമായ രക്ഷാകർത്തൃത്വം, ബാലാവകാശ നിയമം എന്നീ വിഷയങ്ങളിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ നിഖിത, സി.ഡബ്ല്യു.സി അംഗം അഡ്വ. എ പി ഹംസക്കുട്ടി എന്നിവർ പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ കെ വിജിത്ത്, പി.ഒ ദീപ, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ഒരു സി ഡി എസ്സിൽ നിന്നും രണ്ട് റിസോഴ്‌സ് പേഴ്സൺമാർ വീതം പരിശീലനത്തിൽ പങ്കെടുത്തു.