വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

സ്‌ക്വയർ മെഷ് കോഡ് എൻഡ് വിതരണം

2024-25 വർഷത്തെ സ്‌ക്വയർ മെഷ് കോഡ് എൻഡ്് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ട്രോളർ ഇനത്തിൽപ്പടുന്ന യാനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിനു 16,000 രൂപ വില വരുന്ന ഫിഷ് കോഡ് എൻഡ്, ഷ്രിമ്പ് കോഡ് എൻഡ് എന്നിവ 50 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യും. താൽപര്യമുള്ളവർ നവംബർ 15നകം മത്സ്യഭവനുകളിൽ നിർദിഷ്ട മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2731081

സ്‌കോളർഷിപ്പ്, ലാപ്‌ടോപ്പ് അപേക്ഷ: സമയം നീട്ടി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ സ്‌കോളർഷിപ്പിനും ലാപ്‌ടോപ്പിനും വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നവംബർ 20 വരെ നീട്ടി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂനി യൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 0497 2705182

തരം മാറ്റം: തലശ്ശേരി താലൂക്ക് അദാലത്ത് നവംബർ രണ്ടിന്

2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകൾ അതിവേഗം തീർപ്പ് കൽപ്പിക്കുന്നതിനായി തലശ്ശേരി താലൂക്ക് തല അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടത്തും. ഉദ്യോസ്ഥതലത്തിൽ നടത്തുന്ന കൃഷി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും. അപേക്ഷകരോ പൊതുജനങ്ങളോ പങ്കെടുക്കേണ്ടതില്ലെന്ന് തലശ്ശേരി സബ് കളക്ടറുടെ ഓഫീസ് അറിയിച്ചു. അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകൾ സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും തീർപ്പാക്കൽ ഉത്തരവ് അപേക്ഷകരുടെ ലോഗിനുകളിലും ലഭിക്കും.

പ്രവർത്തനം താൽക്കാലികമായി നിർത്തി

പഴശ്ശി ഡാം ഗാർഡൻ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി പഴശ്ശി ഇറിഗേഷൻ പ്രൊജക്റ്റ് ഡിവിഷൻ നമ്പർ-2 എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നടത്തിപ്പിനുള്ള കരാർ കാലാവധി അവസാനിപ്പിച്ചതിനാലാണ് തീരുമാനം

പിഎസ്‌സി ഇന്റർവ്യൂ

കണ്ണൂർ ജില്ലയിൽ ഇൻഷ്യുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.302/2023) തസ്തികയുടെ തെരഞ്ഞടുപ്പിനായി ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൽപ്പെട്ട്, ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി നവംബർ ആറ്, ഏഴ് തീയതികളിൽ കെപിഎസ്‌സി കണ്ണൂർ ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ,മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം പിഎസ് സി കണ്ണൂർ ജില്ലാ ആഫീസിൽ ഹാജരാകണം.

ലേലം

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫർണ്ണിച്ചറുകളും നവംബർ 11 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. താൽപര്യമുള്ളവർ 11ന് രാവിലെ പത്തര മുതൽ ജില്ലാ ആശുപത്രി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം

ക്യാപെക്‌സ് സർവ്വെ തുടങ്ങി

സ്വകാര്യ കോർപ്പറേറ്റ് മേഖലയിലെ മൂലധന ചെലവ്, ഉദ്ദേശ്യങ്ങൾ, നിക്ഷേപങ്ങൾ തുടങ്ങിയവ സംബന്ധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുന്ന ക്യാപെക്സ് സർവ്വേ തുടങ്ങി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ചെലവ് ചെയ്തതും വരുന്ന മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഉദ്ദേശിക്കുന്നതുമായ മൂലധന ചെലവ് സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസറുടെ നോട്ടീസ് ലഭിച്ച സംരംഭങ്ങൾക്ക് നേരിട്ട് വിവരങ്ങൾ പോർട്ടലിൽ സമർപ്പിക്കാം.
സേവനമേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ആനുവൽ സർവ്വേ ഓഫ് സർവീസ് സെക്ടർ എന്റർപ്രൈസസ് വാർഷിക സർവ്വേയും തുടങ്ങി. സംരംഭങ്ങൾ ഡേറ്റ സമർപ്പിക്കുന്നതിന്റെ ഏകോപനം എൻ എസ് ഒ സീനിയർ സ്റ്റാറ്റിസ്റ്റിയ്ക്കൽ ഓഫീസർമാർ നടത്തും.

അഴീക്കോട് ചാൽ ബീച്ച് ശുചീകരിച്ചു

കേരള പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി അഴീക്കോട് ചാൽ ബീച്ചിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ഡിടിപിസിയുടെയും സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കോളേജ് തലത്തിൽ പ്രവർത്തിച്ച് വരുന്ന ടൂറിസം ക്ലബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ വിശിഷ്ടാതിഥിയായി. ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ, ടൂറിസം ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് ഷിജാസ് എന്നിവർ സംസാരിച്ചു. ചെറുപുഴ നവജ്യോതി കോളേജ് , പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, ഇരിട്ടി എം ജി കോളേജ്, കണ്ണൂർ എസ്. എൻ കോളേജ് തുടങ്ങിയിവിടങ്ങളിൽ നിന്നുള്ള നൂറോളം ടൂറിസം ക്ലബ് മെമ്പർമാർ പങ്കെടുത്തു. ഡിറ്റിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ, ചെറുപുഴ നവജ്യോതി കോളേജ് ടൂറിസം ക്ലബ് ടീച്ചർ കോ ഓർഡിനേറ്റർ പ്രിയങ്ക സെബാസ്റ്റ്യൻ, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ തോമസ് എം വി, അനു കെ പി, ഷീന കെ വി, ശ്രീഷ്ന ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *