കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരെ ബെംഗളൂരുവിൽ ആക്രമണം
കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരെ ബെംഗളൂരുവിൽ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസുകാരന് പരിക്കേറ്റു. മലയാളി ഐടി ജീവനക്കാരന്‍ അനൂപ് ജോര്‍ജിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകരുകയും കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
കസവനഹള്ളിയില്‍ ബുധനാഴ്ച രാത്രി ദീപാവലി ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്.അനൂപിനൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയുടെ തലയില്‍ മൂന്ന് സ്റ്റിച്ചുകളുണ്ട്. സംഭവത്തിന്റെ ദൃശ്യം ഇവര്‍ പകര്‍ത്തിയിരുന്നു. പൊലീസിനെ ടാഗ് ചെയ്ത് അനൂപ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.