കണ്ണൂർ ജില്ലാ പഞ്ചായത്തിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം: വൈസ് പ്രസിഡന്റ്

0

കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുളള ഗവ. ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും നിർമ്മിച്ച പ്രീഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്‌ലെറ്റുകളുടെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചതും ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതുമായ പ്രൊജക്ടുകൾക്ക് സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് സ.ഉ 67/2021, 104/2022 പ്രകാരം സർക്കാർ അക്രഡിറ്റഡ് ഏജൻസികളായി ചുമതലപ്പെടുത്തിയ പിഎംസികളിൽ നിന്ന് ടെണ്ടർ ക്ഷണിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ സെന്റേജ് ചാർജ്ജ് രേഖപ്പെടുത്തിയ ഏജൻസിയായ സിൽക്കിനെ ജില്ലാ പഞ്ചായത്ത് പി എം സിയായി ചുമതലപ്പെടുത്തുകയുമായിരുന്നു.

ജില്ലാ പഞ്ചായത്ത് ആവശ്യപ്പെടുന്ന സൗകര്യങ്ങളോടുകൂടിയ ടോയ്ലെറ്റുകളുടെ എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുന്നത് സിൽക്കിന്റെ എഞ്ചിനീയറിംഗ് വിഭാഗമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സിൽക്കാണ് ടെണ്ടർ ക്ഷണിച്ച് കരാറുകാരെ ചുമതലപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത്, സിൽക്ക്, ബന്ധപ്പെട്ട കരാറുകാരൻ എന്നിവർ ചേർന്ന് ത്രികക്ഷി കരാറിൽ ഏർപ്പെടുന്നു. പ്രസ്തുത കരാർ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രവൃത്തി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് സെന്റേജ് ചാർജ് സിൽക്കിനും ബിൽ തുക കരാറുകാരനും സിൽക്കിന്റെ നിർദേശ പ്രകാരം കൈമാറുന്നത്. കരാറുകാരനെ നിശ്ചയിക്കുന്നതും എസ്റ്റിമേറ്റ് മുതൽ ബിൽ സമർപ്പിക്കുന്നത് വരെയുളള എല്ലാ കാര്യങ്ങളുടെ പൂർണ ചുമതലയും സിൽക്കിനാണ്.

ജില്ലാ പഞ്ചായത്തിന് കീഴിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആവശ്യമായ ടോയ്ലെറ്റ് സൌകര്യങ്ങൾ സമയബന്ധിതമായും ആധുനിക സൗകര്യങ്ങളോടെയും പൂർത്തീകരിച്ച് വരികയാണെന്നും വൈസ് പ്രസിഡന്റ്  അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *